Society Today
Breaking News

കൊച്ചി: വ്യവസായ സൗഹൃദ കേരളം പടുത്തുയര്‍ത്താന്‍ രാഷ്ട്രീയ ഭേദമില്ലാതെ സര്‍ക്കാരും പൊതുസമൂഹവും പരക്കം പായുമ്പോള്‍ തൊഴിലാളി യൂണിയനുകളുടെ അനാവശ്യ ഇടപെടലും തര്‍ക്കവും മൂലം പവിഴം ഗ്രൂപ്പിന്റെ  കൊട്ടാരക്കര  ലോജിസ്റ്റിക് കേന്ദ്രം പദ്ധതി ഉപേക്ഷിച്ചു.അരിയുടെയും അനുബന്ധ ഉല്‍പ്പന്നങ്ങളുടെയും രാജ്യത്തെ തന്നെ പ്രമുഖ ഉല്‍്പാദന  വിപണന സ്ഥാപനമായ എറണാകുളം ജില്ലയിലെ പവിഴം റൈസ് ഗ്രൂപ്പ് കൊട്ടാരക്കര നെടുവത്തൂരില്‍ ആരംഭിക്കാനിരുന്ന ലോജിസ്റ്റിക് കേന്ദ്രമാണ് ഉദ്ഘാടനത്തിന് തലേന്നാള്‍ കയറ്റിറക്ക് തൊഴിലാളികളുടെ  കടുത്ത നിലപാടുകളെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിവന്നത്.

ഉല്‍പ്പന്നങ്ങളുടെ കയറ്റിറക്കിന് യന്ത്രവല്‍കൃത സംവിധാനം ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും ഈ ജോലി തൊഴിലാളികള്‍ മാത്രമേ ചെയ്യാന്‍ പാടുള്ളൂയെന്ന ചുമട്ടു തൊഴിലാളി നേതൃത്വത്തിന്റെ പിടിവാശി പുതിയൊരു സംരംഭത്തിന്റെ അന്ത്യം കുറിക്കാന്‍ കാരണമായി. പവിഴം ഗ്രൂപ്പിന്റെ മറ്റ് സ്ഥാപനങ്ങളിലെല്ലാം ഈ ജോലികള്‍ ചെയ്യുന്നത് അത്യാധുനിക യന്ത്രങ്ങളുടെ സഹായത്താലാണെന്നും ഇത്തരം മിഷിനറികള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാങ്കേതിക പരിജ്ഞാനം ഉള്ളവര്‍ക്കു മാത്രമേ സാധിക്കുകയുള്ളൂയെന്ന കമ്പനി നിലപാട് അംഗീകരിക്കാന്‍ യൂണിയനുകള്‍ തയ്യാറാകാതിരുന്നതോടെയാണ് പദ്ധതി വേണ്ടെന്നുവച്ചതെന്ന് ചെയര്‍മാന്‍ എന്‍. പി ജോര്‍ജും മാനേജിംഗ് ഡയറക്ടര്‍ എന്‍. പി ആന്റണിയും അറിയിച്ചു.

കൊട്ടാരക്കരയിലെ പ്രതിസന്ധി സര്‍ക്കാര്‍, രാഷ്ട്രീയ, ഉദ്യോഗസ്ഥ തലങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കിലും പ്രതീക്ഷിച്ചത്ര അനുകൂല നിലപാട് ലഭിച്ചില്ല. ഇതുവരെ നല്ലൊരു തുക  മുടക്കുകയും, പ്രമുഖരെ പങ്കെടുപ്പിച്ച് വിപുലമായ ഉദ്ഘാടന പരിപാടികളുടെ ഒരുക്കങ്ങള്‍ അവസാന ഘട്ടം വരെയും എത്തിയിരുന്നു. എന്നാല്‍ ഉല്‍പ്പന്നങ്ങളുടെ ഗുണനിലവാരത്തെപോലെ തന്നെ സമാധാനപരമായ വ്യവസായ അന്തരീക്ഷവും തൊഴിലാളികളുടെ സുരക്ഷയും അവരുമായുള്ള നല്ല ബന്ധത്തിനും  മുന്തിയ പ്രാധാന്യം നല്‍കുന്നതിനാലാണ്  പദ്ധതി ഉപേക്ഷിച്ചതെന്നും അവര്‍ പറഞ്ഞു.
 

Top